Thursday, December 31, 2015

2015 ഒരു തിരിഞ്ഞ് നോട്ടം

        2015 ജനുവരി 2 ന് പോളിയോ ഹോമില്‍ ഭിന്നശേഷിക്കാരുടെ കൂട്ടായ്മയില്‍ പങ്കെടുത്തു കൊണ്ടാണ് എന്‍റെ ഈ വര്‍ഷം ആരംഭിച്ചത് . അന്ന്‍ തന്നെ എത്രയോ കാലമായി മനസ്സില്‍ ആഗ്രഹിച്ചിരുന്ന പോലെ പള്ളിയില്‍ കയറി പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞു . പിന്നീട് ജനുവരിയില്‍ പാലിയം ഇന്ത്യയുടെ നേത്യത്വത്തില്‍ നടന്ന  തന്നെ റണ്‍ കേരള റണ്ണില്‍ പങ്കെടുക്കാന്‍ പറ്റിയതും വേറിട്ടൊരു അനുഭവമായിരുന്നു .
ഫെബ്രുവരിയില്‍ സായ് ഗ്രാമത്തില്‍ നടന്ന ഫേയ്സ് ബുക്ക് കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതും , മുഖ പുസ്തകത്തിലൂടെ പരിചയമുള്ള ഒരു അപകടത്തിലൂടെ  കാല് നഷ്ടമായ ചിറയിന്‍കീഴ് സ്വദേശി  ബിനു സദാശിവനെ കാണാന്‍ കഴിഞ്ഞതും , കവി മധുസുദനന്‍ സാറിനേയും , വയലാര്‍ മാധവന്‍കുട്ടി ചേട്ടനേയും,സാമൂഹ്യ പ്രവര്‍ത്തകയും , അഭിനേത്രിയുമായ  സോണിയാ മല്‍ഹാറിനേയും  പരിചയപ്പെടാനും, മധുസുദനന്‍ സാറിന്‍റെ കവിത നേരില്‍ കേള്‍ക്കുവാനും ,   ഒപ്പം  ഒരുപാട് പേരെ ഈ കൂട്ടായ്മയിലൂടെ പരിചയപ്പെടാന്‍ പറ്റിയതും സന്തോഷമുള്ള കാര്യങ്ങളാണ്.  സായ് ഗ്രാമത്തിന്‍റെ സ്ഥാപകനായ ആനന്ദ് സാറിനു നന്ദി ഇങ്ങനൊരു പരിപാടി സംഘടിപ്പിച്ചതില്‍ . സായ് ഗ്രാമത്തില്‍ വച്ച് നടന്ന മറ്റൊരു പരിപാടിയിലുമെനിയ്ക്കു  പങ്കെടുക്കാന്‍ കഴിഞ്ഞതും, അവിടെ വച്ച് ഷീലാമ്മയെ കാണാന്‍ കഴിഞ്ഞതിലും സന്തോഷം
മുഖപുസ്തകത്തിലൂടെ പരിചയപ്പെട്ട കുറച്ചു കൂട്ടുകാരെ കണ്ട വര്‍ഷം കൂടിയായിരുന്നു 2015 . എക്സിബിഷന്‍ നടക്കുന്ന സമയത്ത് കണ്ട ബിജു .ജി.നാഥ് ചേട്ടന്‍, സന്ധ്യാ  ബ്ലോഗര്‍ മാനവന്‍ മയ്യനാട് , സനല്‍ സുകുമാരന്‍ നായര്‍, കോളേജില്‍ ഒപ്പം പഠിച്ച മൂന്ന്‍ കൂട്ടുകാരെ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കാണാന്‍ കഴിഞ്ഞതും,2001 മെഡിക്കല്‍ കോളേജില്‍ വച്ച് പരിചയപ്പെട്ട ഡോക്ടറെ കാണാന്‍ കഴിഞ്ഞതും    സന്തോഷമുളവാക്കുന്നു .
ഞാന്‍ മാര്‍ച്ചില്‍ ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന സമയത്ത് കണ്ട കൂട്ടുകാരികളായ  അനിലാ ബിനോജ് , നിഷാ ശിവറാം ,  സന്ധ്യാ അവളുടെ ഭര്‍ത്താവ് സുരേഷേട്ടന്‍, അവരുടെ മകന്‍ വാസുട്ടന്‍, കാസര്‍ഗോഡ്‌ നിന്നും തിരുവനന്തപുരം കാണാനെത്തിയപ്പോള്‍ എന്നെ കാണാന്‍ വന്ന  അരുണ്‍, ഭാര്യ പ്രിയ, എന്നെ അന്ന്‍ സാമ്പത്തികമായി സഹായിച്ച കുറത്തിയാടന്‍ പ്രദീപേട്ടന്‍, രാരി അരിക്കര ചേട്ടന്‍ എല്ലാവര്‍ക്കും നന്ദി . 

വിവാഹത്തിന് ക്ഷണിക്കാന്‍ വന്ന മനോജ്‌ ഡോക്ടര്‍  എനിയ്ക്കായി വാങ്ങി കൊണ്ട് തന്ന ചുരിദാറിന്‍റെ തുണി കണ്ടപ്പോള്‍ ഒത്തിരി സന്തോഷം തോന്നി . ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഞാനത് . പിന്നീട് ആശുപത്രിയില്‍ കിടക്കാന്‍ പോകാന്‍ സമയത്ത് ഞാനാ തുണി തയ്ച്ച് വാങ്ങി കൊണ്ടാണ് പോയത് . ഹോസ്പിറ്റലില്‍ നിന്നും അനുമതി വാങ്ങി ആ ചുരിദാരുമിട്ടാണ് മനോജിന്‍റെ വിവാഹ റിസപ്ക്ഷന് പോയത് .
പിന്നീട് പാലിയം ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ വീല്‍ ചെയറിലിരുന്ന്‍ തന്നെ എങ്ങനെ വീട്ടു ജോലികള്‍ ചെയ്യാം  എന്നതിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതും ഈ വര്‍ഷമാണ്‌ .
അത് പോലെ പൂരാടത്തിന്‍റെയന്ന്‍ കൂട്ടുകാരോടൊപ്പം മീന്‍ മുട്ടിയിലും , പൊന്മുടിയിലും പോകാന്‍ കഴിഞ്ഞതും , പിന്നീട് പെരുമാതുറ മുതല പുഴിയില്‍ പോകാന്‍ പറ്റിയത്തിലും സന്തോഷമുണ്ട് .  ഡോക്ടര്‍ സിന്ധുജയുടെ നേത്യത്വത്തില്‍ നടന്ന  എല്‍.ഇ.ഡി ബള്‍ബ് ഉണ്ടാക്കുന്നതെങ്ങനെ എന്നുള്ള ക്ലാസ്സിലും, സ്കോഷ് എങ്ങനെ ഉണ്ടാക്കാം എന്നുള്ള ക്ലാസ്സിലും പങ്കെടുക്കാന്‍ പറ്റി
മൂന്ന്‍ വീലുള്ള സ്കൂട്ടര്‍ കിട്ടിയതും ഈ വര്‍ഷമാണ്‌ . എത്രയോ കാലങ്ങള്‍ക്ക് ശേഷം ഓണ പരിപാടികള്‍ കാണാന്‍ പോകാന്‍ പറ്റി ഈ വര്‍ഷം. മുടങ്ങി കിടന്ന വായന തിരിച്ച് വന്നൊരു വര്ഷം കൂടിയാണ് 2015  .പാലിയം ഇന്ത്യയുടെ തന്നെ നേത്യത്വത്തില്‍ നടന്ന art on wheels പരിപാടിയും വേറിട്ടൊരു അനുഭവമായിരുന്നു . റോഡിനു സൈഡിലായി  ഞങ്ങളെയൊക്കെ അതിനു നടുകില്‍ കൊണ്ടിരുത്തി  ഞങ്ങളുടെ ചുറ്റും നിന്ന് നാടന്‍ പാട്ടും കളികളും , പിന്നെ ചെറിയ ചാറ്റല്‍ മഴ നനയലും രസാവഹമായിരുന്നു

അഴൂര്‍ വ്യദ്ധ സദനത്തില്‍ പോയതും, കൂട്ടുകാരുടെ സഹായത്തോടെ അവിടത്തെ അമ്മമാര്‍ക്ക്  ഭക്ഷണവും, വസ്ത്രങ്ങളും , അരിയും, സാധനങ്ങളും എത്തിക്കാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ട് . ഫേസ് ബുക്ക് കൂട്ടായ്മ കൂട്ടുകാരി അനിലയുടെ നേത്യത്വത്തില്‍ നടത്താന്‍ പറ്റിയതിലും, അവിടെ വച്ച് കുറെ കൂട്ടുകാരെ പുതുതായി പരിചയപ്പെടാന്‍ കഴിഞ്ഞതും ഈ വര്‍ഷമാണ്‌ .അമ്മയ്ക്ക് വയ്യാതായതുള്‍പ്പടെ കുറച്ച് സങ്കടങ്ങളൊക്കെ തന്നെങ്കിലും ഈ വര്‍ഷം പൊതുവേ സന്തോഷകരമായിരുന്നു


എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും പുതുവത്സരാശംസകള്‍

Wednesday, December 9, 2015

Art on wheel

മാനവീയം തെരുവോരക്കൂട്ടവും ,പാലിയം ഇന്ത്യ യും ,"ആര്‍ട്ട് ഫാക്ടറി "യും സംയുക്തമായി,മാനവീയം വീഥിയില്‍ സംഘടിപ്പിച്ച "Art on wheel" എന്ന പരിപാടി 6-12-2015  ഞായറാഴ്ച  തിരുവനന്തപുരത്ത് കെല്‍ട്രോണിനു സമീപമുള്ള  റോഡില്‍ വച്ച് നടന്നു .  



























           വീല്‍ ചെയറുകളില്‍ മാത്രം സഞ്ചരിക്കാന്‍ വിധിക്കപ്പെട്ട ഞങ്ങളും  മറ്റുള്ളവരെപ്പോലെ എല്ലാ കഴിവുകളുമുള്ളവരാണ്.  ലിജയുടെ  പാട്ടും , ജ്യോതി കുമാറും, സമീറും, ഷംനയും  ചിത്രങ്ങള്‍ വരക്കുകയും, ജോയ് ചേട്ടന്‍ കുട ഉണ്ടാക്കി കൊണ്ട് വരുകയും ചെയ്തു .  ജ്യോതി കുമാര്‍  കവിത ചൊല്ലുകയും ചെയ്തു .  ഞാനും ഒരു മാല അവിടെ വച്ചു ഉണ്ടാക്കി കാണിച്ചു . ഇതിനൊക്കെ ശേഷം  നാടന്‍ പാട്ടും ഉണ്ടായിരുന്നു . നല്ലൊരു അനുഭവം ആയിരുന്നു 




                               ഇത് സമീര്‍ .ചിത്ര രചന കഴിഞ്ഞു ഇരിക്കയാ



                                    ഇത് ഷംന . ഷംനയും നന്നായി ചിത്രം വരയ്ക്കും


                    ആഷ് ല വീല്‍ ചെയര്‍ ഫ്രണ്ടിലി ആക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുന്നു .




                                        The Hindu പത്രത്തില്‍ വന്ന വാര്‍ത്ത



                     നാടന്‍ പാട്ട് കഴിഞ്ഞപ്പോള്‍ ചെറുതായി  മഴ ചാറി തുടങ്ങി . എങ്കിലും ഞങ്ങള്‍ അവിടെ ചുമരുകളില്‍ ഉള്ള ചിത്രങ്ങള്‍ കണ്ടു കൊണ്ട് നീങ്ങുന്നതിനിടയില്‍ ശക്തമായി മഴ പെഴ്തു. കുറെ കാലങ്ങള്‍ക്ക് ശേഷം മഴ നനഞ്ഞു .


മനോഹരമായ  നിമിഷങ്ങള്‍ സമ്മാനിച്ച എല്ലാ കൂട്ടുകാര്‍ക്കും , പാലിയം ഇന്ത്യയ്ക്കും ,  മാനവീയം തെരുവോരക്കൂട്ടത്തിനും നന്ദി

Friday, October 23, 2015

മീന്‍ മുട്ടിയിലേയ്ക്കും, പൊന്മുടിയിലേയ്ക്കും ഒരു യാത്ര

വീട്ടിലിരുന്നു മടുക്കുമ്പോള്‍ വല്ലപ്പോഴുമൊക്കെ ഒന്ന് പുറത്തു പോകുന്നത് മനസ്സിനൊരാശ്വാസമാണ്. അങ്ങനെ ഇത്തവണയും പോകാന്‍ തീരുമാനിച്ചു. രണ്ടു സുഹ്യത്തുക്കളോട് ചോദിച്ചപ്പോള്‍ അവരും വരാമെന്ന് പറഞ്ഞു .  പൊന്മുടിയിലേയ്ക്ക് പോകാമെന്ന് പറഞ്ഞു . 
                    അങ്ങനെ എല്ലാവരും സമ്മതിച്ചു .എല്ലാ തവണയും എതിര്‍ക്കുന്ന അമ്മ ഇത്തവണയും എതിര്‍ത്തു. അതൊന്നും കാര്യമാക്കാതെ  വീട്ടില്‍ നിന്നും അച്ഛനേയും കൂട്ടി ഓട്ടോയില്‍ പൂരാടത്തിന്‍റെയന്ന്‍  രാവിലെ യാത്ര തിരിച്ചു . പോത്തന്‍കോട്  കുറെ സമയം കാത്തു നിന്ന് . ചേച്ചിയുടെ മകള്‍ വരാന്‍ വൈകിയത് കാരണം  . ഞങ്ങള്‍ പോകാന്‍ തുടങ്ങുമ്പോഴേയ്ക്കും  അവള്‍ എത്തി . പിന്നീട് അവളെയും കൂട്ടി യാത്രയായി . 
നെടുമങ്ങാട് എത്തുന്നത്‌ വരെ പുറത്തെ കാഴ്ചകളൊക്കെ ശരിയ്ക്കും ഞാന്‍ ആസ്വദിച്ചു           
                   പിന്നീട് നെടുമങ്ങാട് കുറച്ചു സമയം കാത്തു നിന്നു. അപ്പോളതാ കൂട്ടുകാരി മന്ദം മന്ദം നടന്നു വരുന്നു. വണ്ടിയിലിരുന്ന ഞാന്‍ കൈ കാണിച്ചു . അപ്പോളവള്‍ വണ്ടിയ്ക്കു അടുത്തേയ്ക്ക് വന്നു പിന്നെ പതിയെ വണ്ടിയില്‍ കയറി .പിന്നെ വണ്ടിയിലൊരു ബഹളമായിരുന്നു

               ഇടയ്ക്ക്  ഞാന്‍ ജയേഷിനെ വിളിച്ചു കൊണ്ടിരുന്നു  അവര്‍ എവിടെ എത്തി എന്നറിയുന്നതിനായി  . അവന്‍ അവന്‍റെ കൂട്ടുകാരിയോടൊപ്പം ബൈക്കില്‍ പൊന്മുടിയില്‍ എത്തിക്കോളാമെന്നു പറഞ്ഞു . അവര്‍ വരാന്‍ താമസിച്ചത് കൊണ്ട് പൊന്മുടി എത്തുന്നതിനു തൊട്ടു അടുത്തായി മീന്‍മുട്ടി വെള്ളച്ചാട്ടം കാണാമെന്നു കൂട്ടുകാരി പറഞ്ഞു . 
                             അങ്ങനെ ആദ്യം മീന്മുട്ടിയിലേയ്ക്ക് .പാസ്  എടുക്കാന്‍ ചെന്നപ്പോള്‍ ആളിന് മാത്രമല്ല   ക്യാമറ കൊണ്ട് പോകുന്നുവെങ്കില്‍ അതിനും പാസ് എടുക്കണം പോലും. എന്തായാലും പാസ് എടുത്തു അകത്തേയ്ക്ക് പ്രവേശിച്ചു  വെള്ളച്ചാട്ടത്തിന്‍റെ അടുത്തേയ്ക്ക് വീല്‍ ചെയറില്‍ പോകാന്‍ കഴിയില്ല. അതുകൊണ്ട് അവര്‍ പോയി കണ്ടിട്ട് വന്നു



                      വെള്ളച്ചാട്ടം കാണാനായി അവര്‍ പോയപ്പോള്‍ ഞാന്‍ ക്യാമറ കൂടി കൊടുത്തു വിട്ടു . ഫോട്ടോയില്‍ കൂടിയെങ്കിലും വെള്ളച്ചാട്ടം കാണാമല്ലോ എന്ന് കരുതി . ഞാന്‍ ഇരിക്കുന്ന സ്ഥലത്ത് നിന്നും ഏകദേശം രണ്ട് കിലോമീറ്റര്‍ മാറിയാണ് ഈ വെള്ളച്ചാട്ടം. ഞാനും , അച്ഛനും അവിടെ ഇരുന്നു .   





                             അവര്‍ വെള്ളച്ചാട്ടം കാണാന്‍ പോയ സമയത്ത് ഞാന്‍ അവിടെയൊക്കെ കണ്‍കുളിര്‍ക്കേ കണ്ടു . അവിടത്തെ സെക്യൂരിറ്റി മാമനേയും, ചേച്ചിയേയും പരിചയപ്പെട്ടു . പിന്നെ അവിടെ വന്ന ചില യാത്രക്കാരേയും പരിചയപ്പെടാന്‍ കഴിഞ്ഞു.  അക്കൂട്ടത്തില്‍ വയനാട്ടില്‍ നിന്നും  ബൈക്കില്‍ അവിടെയെത്തിയ ഒരു പറ്റം ചെറുപ്പക്കാരുമുണ്ടായിരുന്നു







                       കല്ലാര്‍ പുഴ  . പെട്ടെന്നാകും കല്ലാറിന്‍റെ ഭാവം മാറുകയെന്നു അവിടത്തെ സെക്യൂരിറ്റി മാമനും , ചേച്ചിയും പറഞ്ഞു . കണ്ണടച്ച് തുറക്കുന്നതിനിടയില്‍  ഇവിടെ വെള്ളം വന്നു നിറയുമത്രേ








             കണ്ടാല്‍ തോന്നുമോ ഇത്രയും സുന്ദരിയായ ഈ പുഴയുടെ ഭാവം പെട്ടെന്ന്‍ മാറുമെന്നു . എനിയ്ക്കും ചെറിയൊരു ഭയമുണ്ടായിരുന്നു .











                                അവിടെ നിന്നിറങ്ങിയപ്പോള്‍ ജയേഷും അവന്‍റെ കൂട്ടുകാരിയും അവിടെ എത്തി.അവിടെയൊക്കെ കടകളൊക്കെ കുറവാണ് . ആദ്യം ഒരിടത്ത് ഭക്ഷണം അന്വേക്ഷിച്ചപ്പോള്‍ തീര്‍ന്നു പോയി എന്ന് പറഞ്ഞു . പിന്നെ അടുത്ത് കണ്ട വേറൊരു ഹോട്ടലില്‍ അന്വേക്ഷിച്ചപ്പോള്‍ അവിടെയുണ്ടായിരുന്നു ആഹാരം . ഒരു ഊണ് വാങ്ങി ഞാനും, ജയേഷും കൂടി കഴിച്ചു
                           ഞങ്ങള്‍ ഭക്ഷണം കഴിച്ച ശേഷം പൊന്മുടിയിലേയ്ക്ക്  യാത്രയായി . ഹോ! അവിടെ ചെന്ന് ബോര്‍ഡ് കണ്ടപ്പോള്‍ തന്നെ എനിയ്ക്ക് തിരികെ പോന്നാല്‍ മതിയെന്നായി .22 ഹെയര്‍ പിന്‍ . അത് കണ്ടപ്പോഴെ എനിയ്ക്ക് തല ചുറ്റല്‍ തുടങ്ങി . ഓരോ വളവ് കഴിയും തോറും  എന്‍റെ നെഞ്ചിടിപ്പേറി വന്നു .  മൂന്നാമത്തെ വളവിന്‍റെ അടുത്തെത്തിപ്പോള്‍ മുകളില്‍ നിന്നൊരു ട്രാന്‍സ്പോര്‍ട്ട് ബസ്സും , ബൈക്കും വന്നു  . റോഡിനാണെങ്കില്‍ വീതി കുറവ്. ഒരിടി ഞാന്‍ പ്രതീക്ഷിച്ചു . ദൈവ ഭാഗ്യം കൊണ്ട് ഒന്നും സംഭവിച്ചില്ല .  വണ്ടിയിലിരുന്നു താഴേയ്ക്ക് നോക്കാന്‍ തന്നെ പേടിയായി .  അവസാനം സ്ഥലത്തെത്തി .







                         ഇത്  പൊന്മുടിയിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം കാണുന്ന ചെറിയ നീരുറവ 






                                           വഴിയരികിലിരിക്കുന്ന കുരങ്ങന്മാര്‍ .  വണ്ടിയൊക്കെ  വരുമ്പോള്‍ അത് അടുത്തേയ്ക്ക് വരും. എനിയ്ക്ക് ചെറിയൊരു  പേടി തോന്നി. ഓട്ടോയാണ്. ഞാന്‍ ഇരിക്കുന്ന വശത്തേയ്ക്ക് തന്നെയാണ്  അത് വന്നത് . ജയേഷിന്‍റെ ഒപ്പം വന്ന കുട്ടി  ആ കലുങ്കില്‍ ഇരുന്നു  അവരോടൊപ്പം ഫോട്ടോയും എടുത്തു



                        വളവുകള്‍ കയറിയിട്ട്  താഴോട്ടു നോക്കി ഒപ്പം വന്നവര്‍ എടുത്ത ഫോട്ടോ. മഞ്ഞു മൂടി വരുന്ന  താഴ്വാരം . ഒന്ന് കാണേണ്ട കാഴ്ച തന്നെ





                                ആ കാണുന്നത് തേയിലയാണെന്ന് തോന്നുന്നു









                  നോക്കിയിരിക്കെ മഞ്ഞ് വന്നു മൂടുന്നത് കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു .





ജയേഷും , കൂട്ടുകാരും എന്‍റെ ചക്ര കസേര  ഉന്തി കൊണ്ട് അവിടെയൊക്കെ ചുറ്റി നടന്നു കാട്ടി .  ഞാന്‍ ബഹളം വച്ചതിനാല്‍ പെട്ടെന്ന്‍ തിരികെ പോന്നു .
 മനസ്സില്‍ ഒരായിരം സന്തോഷത്തോടെയാണ് അവിടെ നിന്നു തിരികെ വന്നത്.അടുത്ത യാത്രാ വിശേഷങ്ങളുമായി  ഇനിയും വരാം



Wednesday, October 14, 2015

Tatoz Handmade Jewelry II


 If you want to purchase this product, please email us at pravaahiny@gmail,com with the product code or picture of the product.