Saturday, January 24, 2015

run kerala run

ഈ വര്‍ഷം   കുഴപ്പമില്ലാതെയാണ്  തുടക്കം കുറിച്ചത് .  ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് നടത്തിയ run kerala runil പങ്കെടുക്കാന്‍ പോകുമ്പോള്‍ സത്യത്തില്‍ മനസ്സില്‍ ചെറിയൊരു  ആശങ്കയുണ്ടായിരുന്നു . എന്നാലവിടെ ചെന്ന്  അതില്‍ പങ്കെടുത്തപ്പോള്‍ മനസ്സ്  നിറയെ ആവേശമായിരുന്നു .  ചക്ര കസേരയില്‍ കഴിയുന്ന ഏഴു പേരുണ്ടായിരുന്നു  ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ .  ഞങ്ങളെ കൊണ്ട് പോയത്  പാലിയം ഇന്ത്യയിലെ പ്രവര്‍ത്തകരാണ് . ശരിയ്ക്കും  ഞങ്ങള്‍ക്കൊക്കെ അതൊരു വല്ലാത്ത അനുഭവം തന്നെയായിരുന്നു



 ഞാന്‍ run kerala runil  പങ്കെടുക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ വിദ്യാഭ്യാസമുള്ളവര്‍ പോലും  ആദ്യം ചിരിക്കുകയാണ് ചെയ്തത് . അപ്പോളെനിയ്ക്ക് വാശിയായി . അന്ന് തീരെ വയ്യാഞ്ഞിട്ടും ഞാന്‍ അതില്‍ പങ്കെടുക്കാന്‍ പോയത്  ചക്ര കസേരയുടെ സഹായത്തോടെ ജീവിക്കുന്ന ഞങ്ങള്‍ക്കും  ഇതൊക്കെ സാധിക്കുമെന്ന്  ഈ പ്രാക്യത മനസ്സുള്ള സമൂഹത്തിന് കാട്ടി കൊടുക്കാന്‍ തന്നെയാണ് .





                                           സത്യപ്രതിജ്ഞ പറഞ്ഞു തരുന്നു






 കൈകള്‍ മുന്നോട്ട് നീട്ടി പ്രതിജ്ഞ  ഞങ്ങള്‍ എറ്റ് പറഞ്ഞു






 ശരിയ്ക്കും എന്തൊരു രസമായിരുന്നു .  ചക്ര കസേര തള്ളി കൊണ്ട് പോകാന്‍ ആളുണ്ടായിരുന്നെങ്കിലും  ഞങ്ങളും ആവേശത്തില്‍ വീലുകള്‍ കൈകള്‍ കൊണ്ട് ഉരുട്ടി  ആവേശമൊട്ടും ചോര്‍ന്നു പോകാതെ അതില്‍ പങ്കെടുത്തു .



   ഈഞ്ചക്കല്‍ നിന്ന് തുടങ്ങി  ബൈപാസ്  വരെ ഞങ്ങള്‍ പോയി




 

   




ഇതില്‍ പങ്കെടുത്തവര്‍ : രാധാക്യഷ്ണന്‍ ചേട്ടന്‍ , സിന്ധു ചേച്ചി , ഞാന്‍, ആഷ്ന,   ഷമി , ജ്യോതികുമാര്‍ , സമീര്‍ .പിന്നെ പാലിയം ഇന്ത്യയുടെ പ്രവര്‍ത്തകര്‍ ..
നന്ദി പാലിയം ഇന്ത്യാ 

Tuesday, January 6, 2015

കാലചക്രം

വിധിയുടെ വന്യ വിനോദത്തില്‍ ജീവിതം
  എറിഞ്ഞുടക്കപ്പെട്ടവള്‍ ഞാന്‍ ..
നഷ്ട സ്വപ്‌നങ്ങളുടെ വിഴുപ്പും പേറി  
പിന്നെയും ജീവിതം  മുന്നോട്ടു നീങ്ങവേ



പിന്നിലേയ്ക്കൊന്നൊഴുകാനും 
നനുത്തയീമണ്ണില്‍ പാദങ്ങളുറപ്പിച്ചു  
 രണ്ടു ചാൺ നടക്കാനും മനസ്സകം വല്ലാതെ തുടികൊട്ടിപ്പോഴെനിയ്ക്ക്  

അന്നു നടന്ന പാതകൾ ഒരുവട്ടം കൂടെ താണ്ടുവാന്‍,
പാട വരമ്പിലെ ചെളിക്കുണ്ടില്‍ വെറുതെയൊന്നിറങ്ങുവാന്‍
പുഴയില്‍ തുടിക്കും പരല്‍മീനുകളെ
ഒറ്റതോര്‍ത്തിലൊന്നു കോരിയെടുക്കുവാന്‍,

വെള്ളയ്ക്കാ കൊണ്ടാ പുഴയിലെ
 തെളി വെള്ളത്തിലൊന്നു കൂടി തട്ടികളിക്കുവാന്‍,
 മാടിവിളിക്കും പുഴയിലെ ഓളങ്ങളില്‍
മുങ്ങാം കുഴിയിട്ടൊന്നു നീന്തി തുടിക്കുവാന്‍ ,

 പടിയിറങ്ങി പോയ പള്ളികൂട വരാന്തയുടെ പടിക്കെട്ടില്‍
നിന്നുമൊരു വട്ടം കൂടെ കുളം കര കളിക്കുവാന്‍ , 
ഒരുവട്ടം, ഒരു വട്ടം മാത്രമെന്‍റെയീ തഴമ്പിച്ചുറച്ച
മെത്തയില്‍ നിന്നെഴുന്നേറ്റീ പാദങ്ങള്‍ മണ്ണിലുറപ്പിച്ചൊന്നു നില്‍ക്കുവാനായെങ്കിലെന്നൊരു മോഹമുണ്ട്..


മരിക്കാതെ മനസ്സില്‍ മഴവില്ല് കെട്ടുന്നു..
അത് മാത്രം , അത് മാത്രം മതിയെനിക്കെന്‍റെ  

ശിഷ്ടവീഥികളില്‍ തളരാതെ ചിരിക്കുവാനെന്‍റെ കാലമേ....

Thursday, January 1, 2015

പുതുവത്സരാശംസകള്‍

പുത്തന്‍ പ്രതീക്ഷയുമായി വീണ്ടുമൊരു വര്‍ഷം കൂടി കടന്നു വരുന്നു .  സ്നേഹത്തിന്റേയും , സമാധാനത്തിന്റേയും , ശാന്തിയും നിറഞ്ഞൊരു വര്‍ഷമാകട്ടെ കടന്നു വരുന്നത്  എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് എല്ലാ കൂട്ടുകാര്‍ക്കും  പുതുവത്സരാശംസകള്‍ നേരുന്നു