Wednesday, August 12, 2015

ജീവിതം


ഒരു സാധാരണ കുടുംബത്തിലായിരുന്നു ജനിച്ചത്‌. കഷ്ടപ്പാടുകൾ ശരിയ്ക്കും അറിഞ്ഞു തന്നെയാണു വളർന്നത്‌. 4 മക്കളായിരുന്നു. പക്ഷേ നിർഭാഗ്യകരം എന്നു പറയട്ടെ മറ്റേ രണ്ടു പേർക്കും ഈ ഭൂമി കാണാനുള്ള ഭാഗ്യമില്ലാതായി പോയി . പിന്നെ അവളും , ഞാനും മാത്രമായി മക്കളായി . നിസ്സാര തെറ്റുകൾക്ക്‌ പോലും കഠിനമായ ശിക്ഷയാണു അച്ഛൻ തന്നിരുന്നതു. ചോറും , മീനുമൊക്കെ തറയിൽ എടുത്തടിക്കുമായിരുന്നു അച്ഛൻ . തറയിൽ കിടക്കുന്ന ചോറിന്റെ മുകളിലുള്ള നല്ല ഭാഗം വാരി ആർത്തിയോടെ കഴിക്കുമായിരുന്നു.  എത്രയോ രാത്രികളിൽ അച്ഛന്റെ അടിയെ പേടിച്ച്‌ അടുത്തുള്ള അട്ടക്കുഴിയിൽ ഞങ്ങളേയും കൊണ്ട്‌ ഒളിച്ചിരുന്നിട്ടുണ്ട്‌. ഓണക്കാലം വരാൻ കാത്തിരിക്കുമായിരുന്നു. നല്ല ഭക്ഷണം കിട്ടുന്നതു അക്കാലത്താണു .
കൊയ്ത്ത്‌ കഴിഞ്ഞ പാടങ്ങളിൽ പോയി അവിടെ കിടക്കുന്ന നെൽമണികൾ പെറുക്കിയെടുത്ത്‌ കൊണ്ടു വന്നു ഉണക്കി ഉരലിലിട്ട്‌ കുത്തി കഞ്ഞി വച്ചും, അപ്പം ചുട്ടും കഴിച്ചിട്ടുണ്ട്‌. എത്തിരി അറിവായ ശേഷം വിചാരിച്ചിട്ടുണ്ട്‌ വനിതാ കമ്മീഷനിൽ പരാതി കൊടുത്താലോ എന്നു . പിന്നെ അതു വേണ്ടെന്നു വയ്ക്കും .
ഒട്ടും പ്രതീക്ഷിക്കാതെയാണു അസുഖം വന്നെന്നെ പിടി കൂടിയത്‌ . പുറമേ നിന്നും നോക്കുമ്പോൾ  ഒന്നിനും കുറവുള്ളതായി തോന്നില്ല. പോരെങ്കിൽ നാട്ടുകാരുടെ വക പറച്ചിലും എനിയ്ക്കു നെറ്റ്‌  വഴിയൊക്കെ ഒത്തിരി കാശൊക്കെ കിട്ടുന്നു എന്നു. ഒരു തവണ പത്ത്‌ രൂപ എടുത്ത്‌ അരി മേടിക്കാനില്ലാതെ വിശമിച്ച്‌ പോയിട്ടുണ്ട്‌ . ചികിൽസകൾ ഇപ്പോഴും നടക്കുന്നുണ്ട്‌ . ആയുർ വേദമാണു ഇപ്പോൾ ചെയ്യുന്നത്‌. കാശില്ലാതെ വിഷമിക്കുന്ന ഈ അവസരത്തിൽ ഒരു കൂട്ടുകാരന്റെ കൈയ്യിൽ നിന്നും കാശ്‌ കടം മേടിച്ചു . ആരോടും ചിലപ്പോളൊന്നും പറയാൻ കഴിയില്ല.  സ്വന്തം കാലിൽ നിൽക്കണമെന്നു കരുതിയാ മാലയൊക്കെ ഉണ്ടാക്കി തുടങ്ങിയത്‌ . എന്നിട്ട്‌ അവിടേയും രക്ഷയില്ല. മുന്നിൽ വലിയൊരു കടമുണ്ട്‌ . വീടു വയ്ക്കാനായി ഒരു ലക്ഷം രൂപ ലോൺ എടുത്തിട്ട്‌ 6 വർഷമായി . അതു ഇതു വരെ അടയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഒന്നു രക്ഷപ്പെടാനായി എന്തു ചെയ്തിട്ടും രക്ഷപ്പെടുന്നില്ല. ചികിൽസ മുന്നോട്ട്‌ കൊണ്ടു പോകാനും , ലോൺ അടച്ച്‌ തീർക്കാനുമുള്ള വഴി ആലോചിക്കുമ്പോൾ ചിലപ്പോളെങ്കിലും ഞാൻ എന്തു ചെയ്യണമെന്നറിയാതെ നിൽക്കയാണു . എവിടെ നിന്നാണൊരു കൈ സഹായം കിട്ടുക. ആലോചിക്കുമ്പോൾ മുന്നിൽ വലിയൊരു ശൂന്യത